രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാവായ റിലയൻസ് ജിയോയ്ക്ക് മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ലഭിച്ചതായി ട്രായി. അതേസമയം, വോഡഫോൺ ഐഡിയയ്ക്ക് ഈ മാസത്തിൽ 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടതായും ട്രായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയായ ഭാരതി എയർടെലിന് മാർച്ചിൽ 10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് ലഭിച്ചത്.
രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയർന്നു, ഫെബ്രുവരിയിൽ ഇത് 42.71 കോടി ആയിരുന്നു. അതേസമയം 2023 മാർച്ച് അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം മാർച്ചിൽ 37.09 കോടിയായും ഉയർന്നു. എന്നാൽ ഇതിനെല്ലാം വിപരീതമായി, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് മാർച്ചിൽ 12.12 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ മാർച്ചിലെ മൊത്തം വരിക്കാരുടെ എണ്ണം 23.67 കോടിയായി.
2023 മാർച്ചിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (8.33 ദശലക്ഷം), ഭാരതി എയർടെൽ (6.12 ദശലക്ഷം), ബിഎസ്എൻഎൽ (3.60 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.12 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.