തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയെക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവു വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതു വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്കു പിഴ ഈടാക്കേണ്ടതില്ലെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു.

ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുണ്ടെങ്കില്‍ അതു നിയമലംഘനമായി കണക്കാക്കാത്ത തരത്തില്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ അച്ഛനും അമ്മയ്ക്കും ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോകാം. അതല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുള്‍പ്പെടെ രണ്ട് കുട്ടികളെ കൊണ്ടുപോകാം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം സെക്രട്ടറിക്ക് കത്തയച്ചത്. ഇതോടെ കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ എഐ ക്യാമറ പിടികൂടുമെന്ന ആശങ്കയ്ക്ക് പരിഹാരമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *