അബുദാബി: കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിന് സഹായം നൽകുന്നതിനുമെതിരെ ഈ വർഷം ആദ്യ പാദത്തിൽ മാത്രം യുഎഇ 11.5 കോടി ദിർഹം പിഴ ചുമത്തി. മുൻ വർഷം ഇതേകാലയളവിൽ ഇത് 7.6 കോടി ദിർഹമായിരുന്നു.
2020 മുതൽ 899 കുറ്റവാളികളെ യുഎഇ കൈമാറി. അതിൽ 43 പേർ കള്ളപ്പണം വെളുപ്പിച്ചവരും 10 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയവരുമാണ്. സാമ്പത്തിക, സംഘടിത കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തണമെന്ന് ജഡ്ജി അബ്ദുൽറഹ്മാൻ അൽ ബലൂഷി പറഞ്ഞു.
കള്ളപ്പണം, ഭീകരവാദത്തിനു ധനസഹായം, മനുഷ്യക്കടത്ത് എന്നിവ കൈകാര്യം ചെയ്യുന്നതിന് രാജ്യാന്തര കരാറുകളുണ്ടാക്കി പ്രവർത്തനം ശക്തമാക്കും. വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളും ഫെഡറൽ, പ്രാദേശിക സർക്കാരുകളും ചേർന്നാണ് പോരാട്ടം തുടരുന്നത്.
ലഹരികടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങി ഗുരുതര നിയമലംഘനങ്ങൾക്കെതിരെ യുഎഇ ശക്തമായ നടപടി സ്വീകരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര അധികൃതർക്കിടയിൽ നേരിട്ടുള്ള ആശയവിനിമയം അനിവാര്യമാണ്. കുറ്റവാളി കൈമാറ്റ കരാർ അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും കുറ്റവാളികളെ കൈമാറാനും 2020 മുതൽ ഇതുവരെ യുഎഇ 3,061 തവണ രാജ്യാന്തര സഹകരണം തേടിയിരുന്നതായും അദ്ദേഹം അറിയിച്ചു.