സിഡ്നി: ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതും ഖലിസ്ഥാൻ അനുകൂല ശക്തികൾ പ്രവർത്തിക്കുന്നതും തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഉറപ്പ് നൽകിയതായി നരേന്ദ്ര മോദി വ്യക്തമാക്കി. വിഘടനവാദികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചെന്നും ഭാവിയിലും അതു തുടരുമെന്നും ആന്തണി ആൽബനീസും പറഞ്ഞു. ഓസ്ട്രേലിയ സന്ദർശനത്തിന്റെ മൂന്നാം ദിവസം ഇരു പ്രധാനമന്ത്രിമാരും ഏതാനും കരാറുകളിൽ ഒപ്പുവച്ചു.
ഇരു രാജ്യങ്ങളിലെയും വിദ്യാർഥികൾക്കും ഗവേഷകർക്കും മികച്ച പഠനാവസരം തുറന്നുകൊടുക്കുന്ന കുടിയേറ്റ സഹകരണ കരാർ (മൈഗ്രേഷൻ മൊബിലിറ്റി പാർട്ണർഷിപ് എഗ്രിമെന്റ്) നിലവിൽ വന്നു. വിദ്യാർഥികൾക്കു പുറമേ വ്യവസായ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റത്തിന് കരാർ ലക്ഷ്യമിടുന്നു. ഇന്ത്യ– ഓസ്ട്രേലിയ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറിനും (സിഇസിഎ) തീരുമാനമായി.
പുനരുപയോഗ ഇന്ധനത്തിന്റെ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുന്ന ഗ്രീൻ ഹൈഡ്രജൻ ടാസ്ക്ഫോഴ്സിന്റെ കാര്യത്തിലും കരാറായി. ഇന്ത്യയിൽ ടെലികോം, ഡിജിറ്റൽ, സെമികണ്ടക്ടർ മേഖലകളിൽ നിക്ഷേപം നടത്താൻ ഓസ്ട്രേലിയൻ വ്യവസായികളെ നരേന്ദ്ര മോദി ക്ഷണിച്ചു.