ന്യൂയോർക്ക്: ത്രസിപ്പിക്കുന്ന നൃത്തചുവടുകളും മുഴങ്ങുന്ന ശബ്ദവുമായി എൺപതുകളിൽ അരങ്ങുകളിൽ ഉന്മാദഹർഷം നിറച്ച പോപ് സംഗീത സൂപ്പർതാരം ടിന ടേണർ(83) അന്തരിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിക്കിലായിരുന്നു അന്ത്യം.
1939 നവംബർ 26ന് യുഎസിലെ ടെനിസിയിലാണു ജനനം. ‘അന്ന മേ ബുളക്’ എന്ന യഥാർഥ പേര് ടിന ടേണർ എന്നു മാറ്റിയത് ആദ്യ ഭർത്താവ് ഐക്ക് ടേണറാണ്. ഗിറ്റാറിസ്റ്റായ ഐക്കുമൊത്തുള്ള ജീവിതം സംഗീതമയമായിരുന്നു. എന്നാൽ, കടുത്ത ഗാർഹിക പീഡനം അതിജീവിച്ചാണ് ടിന ‘റോക്കൻ റോൾ’ കരിയർ പടുത്തുയർത്തിയത്. എഴുന്നുനിൽക്കുന്ന മുടിയും ആകർഷക വേഷവും ടിനയെ വ്യത്യസ്തയാക്കി.
1988 ൽ റിയോ ഡി ജനീറോയിൽ 1.8 ലക്ഷം പേരെത്തിയ സംഗീത പരിപാടി ചരിത്രപ്രസിദ്ധമാണ്. ‘പ്രൈവറ്റ് ഡാൻസർ’ (1984) എന്ന ആൽബം 8 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ലെറ്റ്സ് സ്റ്റേ ടുഗെദർ, ടിപ്പിക്കൽ മെയ്‌ൽ, ദ് ബെസ്റ്റ്, ബെറ്റർ ബി ഗുഡ് ടു മി, പ്രൗഡ് മേരി, റിവർ ഡീപ്, മൗണ്ടെയ്ൻ ഹൈ, വാട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്, വി ഡോണ്ട് നീഡ് അനദർ ഹീറോ തുടങ്ങിയവ ഹിറ്റ് പാട്ടുകളാണ്. 12 ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സ്മരണകളായ ഐ ടിന (1986) പിന്നീടു സിനിമയായി. നടൻ മെൽ ഗിബ്സനൊപ്പം മാഡ് മാക്സ് ബിയോണ്ട് തണ്ടർസ്റ്റോം (1985) സിനിമയിൽ അഭിനയിച്ചു. ജയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ (1995) തീം സോങ് പാടിയതും ടിനയാണ്. ബുദ്ധമതത്തിൽ ആകൃഷ്ടയായിരുന്നു. 1980 കളിൽ പരിചയപ്പെട്ട ഇർവിൻ ബാക്കിനെ പിന്നീടു വിവാഹം ചെയ്തു.