ഉഴവൂർ: ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തഞ്ചുകാരിയെ പട്ടാപ്പകൽ ആക്രമിച്ച് 8 പവൻ കവർന്നു. കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിനെയാണ് 2 യുവാക്കൾ വീട്ടിൽക്കയറി ആക്രമിച്ച് 6 വളയും 2 മോതിരവും കവർന്നത്. ആക്രമണത്തിൽ ഏലിയാമ്മയ്ക്കു നിസ്സാര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം.
മക്കൾ വിദേശത്തായതിനാൽ ഏലിയാമ്മ ഒറ്റയ്ക്കായിരുന്നു താമസം.
ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ യുവാക്കൾ മാമ്പഴം ചോദിച്ചു. മാമ്പഴം എടുക്കാനായി ഏലിയാമ്മ വീടിനുള്ളിൽ കയറിയപ്പോൾ യുവാക്കളിൽ ഒരാൾ പിന്നാലെ കയറി. തുടർന്ന് ഏലിയാമ്മയെ കട്ടിലിലേക്കു തള്ളിയിട്ടു വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുത്തു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും യുവാക്കൾ സ്കൂട്ടറിൽ കടന്നുകളഞ്ഞു. യുവാക്കളിൽ ഒരാൾ മാത്രമാണ് അകത്തുകയറിയതെന്ന് ഏലിയാമ്മ പറഞ്ഞു.
ഏതാനും ദിവസം മുൻപ് ഒരു സന്നദ്ധസംഘടനയുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു നാലംഗസംഘം വീട്ടിലെത്തിയിരുന്നു. ഈ സംഘത്തിൽപ്പെട്ട രണ്ടുപേരാണ് ഇന്നലെ വന്നതെന്നു സംശയിക്കുന്നതെന്നും ഏലിയാമ്മ മൊഴി നൽകിയിട്ടുണ്ട്. വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
“ഞെട്ടൽ മാറിയിട്ടില്ല. എല്ലാ ദിവസവും സഹായത്തിനു വരുന്ന സ്ത്രീ ഇന്നലെ വന്നിട്ടില്ലായിരുന്നു. എനിക്കു കാഴ്ചക്കുറവുണ്ട്. യുവാക്കൾ മുറ്റത്തു നിന്ന് മാമ്പഴവും കുടിക്കാൻ കഞ്ഞിവെള്ളവും ചോദിച്ചു. ഞാൻ അകത്തുകയറിയപ്പോൾ ഒരാൾ പിന്നാലെ വന്നു. ഞാൻ എടുത്തുകൊടുത്ത മാമ്പഴം വലിച്ചെറിഞ്ഞ ശേഷം അയാൾ എന്നെ കട്ടിലിലേക്കു തള്ളിയിട്ടു. ബലമായി മോതിരവും വളകളും ഊരിയെടുത്തു. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.” – ഏലിയാമ്മ പറഞ്ഞു.