ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണവും ബന്ധവും വർദ്ധിപ്പിക്കുന്നതിന് ഒരുപാട് സാധ്യതകൾ നിലവിലുണ്ടെന്ന് ഡെപ്യൂട്ടി കോൺസുൽ ജനറൽ കോൺസുലേറ്റ് ജനറൽ ഓഫ് ജപ്പാൻ ഇൻ ചെന്നൈ കെൻജി മിയാത്ത.  ഇന്ത്യ-ജപ്പാൻ ബന്ധത്തിനും സഹകരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെന്നൈയിലെ ജപ്പാൻ കോൺസുലേറ്റ് ജനറൽ തുടരുമെന്നും കെൻജി മിയാത്ത പറഞ്ഞു. കൊച്ചിയിൽ സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സംഘടിപ്പിച്ച ഇന്തോ-ജപ്പാൻ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സഹകരണത്തോടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച ദ്വിദിന ഇന്തോ-ജപ്പാൻ അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ പര്യവസാനിച്ചു. ഇന്ത്യ-ജപ്പാന്‍ സഹകരണവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള ഒരു ഏകീകൃത വേദിയായിരുന്നു സമ്മേളനം. ഇന്ത്യയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള പ്രതിനിധികളും പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യ-ജപ്പാന്‍ നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്ര തന്ത്രം, വിദേശ നയം, സമുദ്ര വാണിജ്യം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ വിദഗ്ദ്ധര്‍ സമ്മേളനത്തിൽ സംസാരിച്ചു.

“ധാരാളം വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെട്ടു, കൂടാതെ നല്ല വിശകലനങ്ങളും ആശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. പല മേഖലകളിലെയും കണക്റ്റിവിറ്റി ചർച്ച ചെയ്തു.  അതുപോലെ തന്നെ ചില ബുദ്ധിമുട്ടുകളും പരിമിതികളും നിലവിലുണ്ട്. എന്നാൽ ഇന്ത്യ-ജപ്പാൻ സഹകരണം വിപുലീകരിക്കുന്നതിന് നിരവധി സാധ്യതകൾ നിലനിൽക്കുന്നുമുണ്ട്. ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ നിന്ന് ലഭിച്ച ആത്മവിശ്വാസം ഭാവി സഹകരണത്തിന് ഉപയോഗപ്രദമാകും,” ഡെപ്യൂട്ടി കോൺസുൽ ജനറൽ കെൻജി മിയാത്ത പറഞ്ഞു.

“ഇത് വളരെ പ്രസക്തമായ ഒരു സമ്മേളനമായി ഞാൻ കരുതുന്നു. വ്യാപാരവും നിക്ഷേപവും ഉൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഈ മാസം ഇന്ത്യ സന്ദർശിക്കനിരിക്കുകയാണ്. മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ സന്ദർശിക്കുന്നുമുണ്ട്. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ രണ്ടാം തവണ ഇവിടെ എത്തിയിരിക്കുന്നു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പങ്കാളിത്തവും ഇടപഴകലും കാണിക്കുന്നു. ഈ അന്താരാഷ്ട്ര സമ്മേളനം ഇന്ത്യയും ജപ്പാനും തമ്മിലുള്ള മനോഹരമായ ബന്ധം കൂട്ടിഉറപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യാ-ജപ്പാൻ ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വളരെ ഫലപ്രദമായ ഇടപെടലും ചർച്ചകളും  നടത്താനായതിൽ സന്തോഷമുണ്ട്,” സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ജി ധനുരാജ് പറഞ്ഞു.

സമ്മേളനത്തിലെ അഞ്ച് സെഷനുകളായി നടന്ന ചർച്ചയിൽ ഇന്ത്യ-ജപ്പാൻ സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംവാദിച്ചു.ഐ.പി.ഒ.ഐ, എഫ്.ഒ.ഐ.പി, എ.ഒഐ.പി എന്നിവ തമ്മിലുള്ള കൂട്ടായ്മ; പുതിയ  സാങ്കേതികവിദ്യകള്‍, ഷിപ്പിംഗ്, തുറമുഖങ്ങള്‍ എന്നിവയിലെ സഹകരണം; ദുരന്ത ലഘൂകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍; ഇന്ത്യ-ജപ്പാന്‍ സഹകരണത്തിലെ അവസരങ്ങളും വെല്ലുവിളികളും: നയതന്ത്രപരവും ആഗോളവുമായ കൂട്ടായ്മ; ഇന്തോ പസഫിക്കില്‍ ഇന്ത്യയ്ക്കും ജപ്പാനുമായുള്ള കൂട്ടായ്മയും വെല്ലുവിളികളും: സുരക്ഷയും പ്രതിരോധ സഹകരണവും, എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.

Leave a Reply

Your email address will not be published. Required fields are marked *