തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ 17 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബീമാപള്ളി സ്വദേശിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിളാകം പുരയിടം വീട്ടിൽ ഹാഷിമി(20)നെയാണ് പോക്സോ നിയമപ്രകാരം ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
പെൺകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞ ദിവസം പൂന്തുറ പൊലീസിന് കൈമാറിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ ഹാഷിമിനെ പുന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്‍റെ മൊഴി. പെൺകുട്ടിയെ മറ്റാരെങ്കിലും ഉപദ്രവിച്ചിരുന്നോ എന്നതടക്കം കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 13നാണ് പെൺകുട്ടിയെ അൽ അമാൻ എജൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മതപഠനശാലയിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.