കേപ്ടൗൺ : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി കൂടിക്കാഴ്ച നടത്തി. ബ്രിക്സ് ( ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ ) വിദേശ മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് ജയശങ്കർ ദക്ഷിണാഫ്രിക്കയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ആശംസകൾ ജയശങ്കർ റമഫോസയെ അറിയിച്ചു. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയ ജയശങ്കർ ബ്രിക്സ് സുഹൃദ് രാജ്യങ്ങളായ ഇറാൻ, യു.എ.ഇ എന്നിവയുടെ വിദേശകാര്യ മന്ത്രിമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.
വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ ജയശങ്കർ ഇന്ന് തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയിലേക്ക് തിരിക്കും. നമീബിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാകും ജയശങ്കർ.