അബുദാബി: യുഎഇയിൽ ചൂട് കത്തിക്കയറുന്നു. ഈ ആഴ്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വേനൽക്കാലം ആരംഭിക്കാൻ 2 ആഴ്ച ശേഷിക്കെയാണ് പൊള്ളുന്ന ചൂടിലേക്ക് കടക്കുന്നത്. പൊടിക്കാറ്റും ശക്താകും.

മേയ് മുതൽ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കഠിനമാകുന്നത്. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകും. ചിലയിടങ്ങളിൽ ഇതു 50 ഡിഗ്രി വരെ ഉയരും. വ്യാഴാഴ്ച അബുദാബി സിലയിൽ താപനില 48 ഡിഗ്രിയായിരിക്കുമെന്നും സൂചിപ്പിച്ചു. കടുത്ത ചൂട് ഏൽക്കുന്ന ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടി/മണൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ ഗതാഗതം ദുഷ്ക്കരമാകും. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പരസ്പരം കാണാത്ത വിധം ദൃശ്യപരിധി കുറഞ്ഞാൽ വാഹനം റോഡിൽനിന്നും അൽപം മാറ്റി നിർത്തിയിടണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷമേ യാത്ര പുനരാരംഭിക്കാവൂ എന്നും പൊലീസ് ഓർമപ്പെടുത്തി.

കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ പുറം ജോലി തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് വിശ്രമം നൽകേണ്ടത്. കമ്പനിക്കാർക്ക് അധിക ബാധ്യത ഉണ്ടാകാതിരിക്കാൻ ജോലി സമയം നേരത്തെ ആരംഭിച്ച് ഉച്ചയ്ക്ക് തീർക്കും വിധമോ രാവിലെയും വൈകിട്ടുമായി 2 ഷിഫ്റ്റാക്കി മാറ്റാനും അനുമതി നൽകിയിട്ടുണ്ട്.

ഉച്ച വിശ്രമ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്ക് 50,000 ദിർഹം പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *