തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സ്വാശ്രയ കോളജുകള്‍ക്കെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കോളജുകള്‍ പക്വത കാട്ടണം. അച്ചടക്കം, സദാചാരം എന്നിവയില്‍ കുട്ടികള്‍ കടുത്ത സമ്മര്‍ദം നേരിടുന്നു. കാര്യങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, എറണാകുളം മഹാരാജാസ് കോളജിൽ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മഹാരാജാസ് കോളജിന്റെ പേരില്‍ മുന്‍ എസ്എഫ്ഐ നേതാവ് വ്യാജരേഖ ചമച്ച സംഭവം മാധ്യപ്രവർത്തകർ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.