തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ ഗുരുതരമായി പരുക്കേറ്റ 23 വയസ്സുകാരന് ശസ്ത്രക്രിയയിലൂടെ പുനർജന്മം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന ആറ് മണിക്കൂർ നീണ്ട് നിന്ന ശസ്ത്രക്രിയയ്ക്കൊടുവിലായിരുന്നു അത്ഭുതകരമായ തിരിച്ചുവരവ്.

സംഘർഷത്തിൽ ആളുമാറി യുവാവിന്റെ കാലിൽ കുത്തേൽക്കുകയായിരുന്നു. ആക്രമണത്തിൽ വലത് കാലിലെ പ്രധാന രക്തധമനിയും സിരയും രണ്ടായി മുറിഞ്ഞ് ഹൃദയമിടിപ്പ് പൂർണ്ണമായി നിലച്ചിരുന്ന അവസ്ഥയിലാണ് യുവാവിനെ എമർജൻസി വിഭാഗത്തിലെത്തിക്കുന്നത്. അനിയന്ത്രിതമായ രക്തസ്രാവമാണ് ഹൃദയം നിലയ്ക്കാൻ കാരണമായെതെന്ന് കണ്ടെത്തി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ അറ്റുപോയ ധമനിയും സിരയും പുനർനിർമിച്ച് ജീവൻ നിലനിർത്താനായത്.

45 മിനിറ്റോളം കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകി ബ്ലഡ് ട്രാൻസ്ഫ്യൂഷന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ് വീണ്ടെടുത്തത്. നീണ്ട പ്രക്രിയയിലൂടെ രക്തസമ്മർദം നിലനിർത്തിയതിന് ശേഷം വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും രോഗിയുടെ തന്നെ ഇടത്തെ കാലിലെ സിര ഉപയോഗിച്ച് മുറിഞ്ഞുപോയ രക്തധമനിയും സിരയും പുനർനിർമ്മിക്കുകയായിരുന്നു. രക്തസ്രാവം നിലച്ചതോടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുകയും നിർജ്ജീവമായ വലത് കാലിലെ രക്തയോട്ടം പൂർവസ്ഥിതിയിലായി ചലനശേശേഷി വീണ്ടെടുക്കുകയും ചെയ്തു. തുടർച്ചികിത്സ പൂർത്തിയാക്കി ആറ് ദിവസങ്ങൾക്ക് ശേഷം രോഗി ആശുപത്രി വിട്ടു.

തുടയിലെ പേശികൾക്കിടയിൽ ആഴത്തിൽ കുത്തേറ്റത് ശസ്ത്രക്രിയ കൂടുതൽ ദുഷ്‌കരമാക്കിയെങ്കിലും സമയചോതിമായ വിദഗ്ദ്ധ ഇടപെടലിലൂടെ യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാനായെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക്ക് സർജ്ജൻ ഡോ. റിനെറ്റ് സെബാസ്റ്റ്യൻ കെ.വി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ചികിത്സ വൈകിയാൽ തലച്ചോറിലേക്ക് രക്തമെത്താതെ മസ്തിഷ്ക മരണം വരെ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഡിയോതൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. എസ് സുബാഷ്, ഡോ. സ്വപ്ന ശശിധരൻ, ജനറൽ സർജ്ജറി വിഭാഗം കൺസൽട്ടൻറ് ഡോ. സനൂപ് കോശി, എമർജൻസി വിഭാഗം കൺസൽട്ടൻറ് ഡോ. ശാലിനി എസ് എന്നിവരും ചികിത്സയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *