വാഷിങ്ടൻ: 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ (77) കുറ്റം ചുമത്തി. 2024 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപിനെതിരെ ഈ വർഷം ചുമത്തുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. ജൂറി മുൻപാകെ മാസങ്ങൾ നീണ്ട തെളിവെടുപ്പിനു ശേഷമാണു ജസ്റ്റിസ് വകുപ്പ് സ്പെഷൽ കോൺസൽ ജാക് സ്മിത് 45 പേജുളള കുറ്റപത്രം വാഷിങ്ടനിലെ ഫെഡറൽ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ചത്.
രാജ്യത്തിനും ജനങ്ങൾക്കും എതിരായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, ഔദ്യോഗിക നടപടിക്രമങ്ങൾ തടസ്സപ്പെടുത്തൽ എന്നീ ക്രിമിനൽ കുറ്റങ്ങളാണു ചുമത്തിയത്. തിരഞ്ഞെടുപ്പു കഴിഞ്ഞതു മുതൽ വൈറ്റ് ഹൗസ് വിട്ടതുവരെയുള്ള 2 മാസത്തിനിടെയാണു ജോ ബൈഡന്റെ ജയം റദ്ദാക്കാനുള്ള ആസൂത്രിത നീക്കം നടന്നത്.