മസ്കറ്റ്: ഒമാനിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സുപ്രധാന വാർഷിക മേളകളിലൊന്നായ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും. അൽ ദാഖിലിയ ഗവർണറേറ്റിലെ അൽ അഖ്ദർ മലനിരകൾ കേന്ദ്രമായി നടക്കുന്ന ഫെസ്റ്റിവൽ ഈ മാസം 19വരെ നീണ്ടുനിൽക്കും. ഹെയ്ൽ യമൻ പാർക്കിന് സമീപത്തും സെയ്ഹ് ഖത്താനയിലുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ചടങ്ങുകൾ അരങ്ങേറുക. അൽ ദാഖിലിയ ഗവർണറുടെ ഓഫിസും ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്.
പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മേള, ജബൽ അൽ അഖ്ദറിന്റെയും ഒമാന്റെയും സാംസ്കാരിക പൈതൃകത്തെയും പ്രകൃതിഭംഗിയെയും ആഘോഷിക്കുന്നതാണ്. ബിർകതുൽ മുസിലെ ബൈത് അൽ റുദൈദ കോട്ടക്ക് സമീപം അരങ്ങേറുന്ന ബൈത് അൽ റുദൈദ എക്സിബിഷൻ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷകമാണ്. ഫെസ്റ്റിവൽ പരിപാടികളിൽ പങ്കെടുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ലഭ്യമായ സ്ഥലം കൂടിയാണിത്. വ്യത്യസ്തമായ നിരവധി പരിപാടികൾ, വിനോദപ്രവർത്തനങ്ങൾ എന്നിവ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് രൂപപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത കോർണറുകളുമുണ്ട്. ഇവിടങ്ങളിൽ പ്രത്യേക പരിപാടികളുണ്ടാകും.
ഒമാനി പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ കോർണറും ജബൽ അൽ അഖ്ദറിലെ ഉൽപന്നങ്ങളുടെ പ്രത്യേക വിൽപനയും സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. തിയറ്റർ പെർഫോമൻസ്, പാരാഗ്ലൈഡിങ്, കെമിക്കൽ സയൻസ് ഷോ എന്നിവയും നിരവധി കായിക പരിപാടികളും അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഹൈക്കിങ് ആഗസ്റ്റ് 11നാണ്.
അൽ അഖ്ദർ ഗ്രാമത്തിൽനിന്ന് രാവിലെ എട്ടു മണിക്ക് മലകയറ്റം തുടങ്ങും. ദഖിലിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് അൽ സുമൂദ് അഡ്വഞ്ചേഴ്സ് ടീമാണ് ഹൈക്കിങ് ഇവന്റ് സംഘടിപ്പിക്കുന്നത്. ജബൽ അഖ്ദറിന്റെ മനോഹരമായ കാഴ്ചകൾ ആസ്വാദിക്കാൻ കഴിയുന്ന തരത്തിലാണ് ഹൈക്കിങ് റൂട്ടുകൾ സംഘാടകർ ഒരുക്കിയിട്ടുള്ളത്. അൽഅഖ്ർ ഗ്രാമത്തിൽനിന്നു തുടങ്ങി അൽഐൻ, അൽ ശരിജ ഗ്രാമങ്ങളിൽ എത്തിച്ചേരും. ഇവിടന്ന് പിന്നീട് തുടക്ക സ്ഥലത്തേക്കു മടങ്ങുകയും ചെയ്യും. രണ്ടു റിയാൽ നൽകി രജിസ്ട്രേഷൻ ഫീസ് അടച്ചാണ് പങ്കെടുക്കേണ്ടത്.