മലപ്പുറം : വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പിണറായി സർക്കാർ പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ട് ഇത്തവണ കാണം വിറ്റാല്‍പോലും ഓണം ആഘോഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കാണം വില്‍ക്കാതെതന്നെ ഓണമുണ്ണാനുള്ള സംവിധാനം ഉണ്ടാക്കുക എന്നത് ജനാധിപത്യ സർക്കാരുകളുടെ ഉത്തരവാദിത്തമാണന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ് പറഞ്ഞു.

‘വിലക്കയറ്റം കൊടുമുടി കയറുമ്പോൾ അധികാരികളെ നിങ്ങൾ എന്തെടുക്കുകയാണ്..? അതിജീവന സമരം’ എന്ന പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയുമടക്കം നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം സമീപകാല ചരിത്രത്തില്‍ ഇല്ലാത്തവണ്ണം വില വർദ്ധിച്ചിരിക്കുകയാണ്. നാളുകളായി തുടരുന്ന വിലക്കയറ്റം ജനജീവിതം ദുഃസഹമാക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന പരാതികളോ പരിദേവനങ്ങളോ പ്രതിഷേധങ്ങളോ ഒന്നും കാണാനോ കേള്‍ക്കാനോ അതിന് പ്രായോഗികമായി പരിഹാരം കാണാനോ സർക്കാറിന് ആവുന്നില്ല. നികുതി വർദ്ധന നടപ്പാക്കിയും പിഴകൾ ഈടാക്കിയും ജനങ്ങളെ പിടിച്ചുപറിക്കലാണ് തങ്ങളുടെ ദൗത്യം എന്നാണ് ഇടതു സർക്കാർ കരുതുന്നത്.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യസാധനങ്ങളും മറ്റ് ചരക്കുകളും കൊണ്ടുവരുന്നതിന് ചെലവേറുന്നതിൽ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വർദ്ധനവ് ബാധിക്കുന്നു, അധിക നികുതി വാങ്ങിയത് വിലവർദ്ധനവിന് കൂടുതൽ കാരണമാകുന്നു. വില വാർദ്ധനവിൽ വലിയ പങ്ക് വഹിക്കേണ്ട സപ്ലൈകോയിലും കണ്‍സ്യൂമര്‍ഫെഡിലും പല സാധനങ്ങളും ലഭ്യമല്ല,

ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി കൂടുതൽ സാധനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതിന് സർക്കാർ തയ്യാറാകണം. സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ കൂടുതൽ സാധനങ്ങൾ കൂടുതൽ അളവിൽ സബ്സിഡി നിരക്കിൽ നൽകുന്നതിന് സർക്കാർ നയപരമായ തീരുമാനം എടുക്കണം. തടസ്സം കൂടാതെ സ്റ്റോക്കുകൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും നിയന്ത്രിത വിലയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഹോർട്ടികോർപ് , സപ്ലൈകോ എന്നിവയുടെ താൽക്കാലിക മൊബൈൽ ഔട്ട്ലെറ്റുകൾ പഞ്ചായത്ത് തോറും ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഉത്തരവാദിത്ത രാഹിത്യത്തിനെതിരെ വെൽഫെയർ പാർട്ടി വരും ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനീബ് കാരക്കുന്ന്, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ഇബ്രാഹീം കുട്ടി മംഗലം, ഷരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു. സമദ് ഒളവട്ടൂർ, റജീന ഇരിമ്പിളിയം, ഹംസ വെന്നിയൂർ, മുഹമ്മദ് പി, സദറുദ്ദീൻ, ഹഫ്‌സൽ ടി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *