ഷോപ്പിയാൻ: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപ്പിയാൻ സ്വദേശിനിയാണ് വധു. ഇൻസ്റ്റഗ്രാമിലൂടെ സർഫറാസ് ആണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. വധുവിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
‘കാശ്മീരിൽ വെച്ച് വിവാഹം കഴിക്കാനാണ് എന്‍റെ വിധിയെന്ന് സർവശക്തൻ തീരുമാനിച്ചിരുന്നു. എനിക്ക് ഇവിടുന്ന് ഒരുപാട് സ്നേഹം ലഭിച്ചു. സമയം കിട്ടുമ്പോഴെല്ലാം ഞാൻ ഇവിടം സന്ദർശിക്കും’ -സർഫറാസ് പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ നിരവധി റെക്കോഡുകളിട്ട താരമാണ് സർഫറാസ് ഖാൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ഏറ്റവും മികച്ച ശരാശരിയുള്ള താരം. രഞ്ജി ട്രോഫിയിലെ 82 ശരാശരിക്ക് മുകളിൽ വിജയ് മർച്ചന്റ് (98.35), സചിൻ തെണ്ടുൽകർ (87.37) എന്നിവർ മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായ രഞ്ജി സീസണിൽ 900ലേറെ റൺ നേടിയ ആദ്യ താരമാണ്.