ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.

അതിനു മുമ്പുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്.
സ്‌ഥാനാരോഹണം കഴിഞ്ഞെങ്കിലും ഒരു വർഷത്തിലേറെ അമ്മ ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നില്ല. ഈ കാലയളവിൽ മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്‌ഥമാക്കുകയായിരുന്നു. ഇല്ലത്തെ കാരണവർ സുബ്രഹ്‌മണ്യൻ നമ്പൂതിരിയായിരുന്നു അഭ്യസിപ്പിച്ചത്. 1995 മാർച്ച് 22ന് ആയിരുന്നു ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. ഇതോടെ നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന ആചാര വിശ്വാസങ്ങളുടെ പുതിയ സംരക്ഷകയാവുകയായിരുന്നു.

ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെ, ഏകമകളായ വൽസലാദേവിയുമായി ഇല്ലത്തിൽ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തർജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. സാവിത്രി അന്തർജനം സമാധിയായപ്പോഴാണു പുതിയ അമ്മയായി ഉമാദേവി അന്തർജനം ചുമതലയേറ്റത്. കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *