ഇസ്‍ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അത്യാവശ്യ സൗകര്യം പോലുമില്ലാത്ത സി–ക്ലാസ് സെല്ലാണ് അനുവദിച്ചിരിക്കുന്നതെന്ന് ആക്ഷേപം. ഭക്ഷണം പോലും കൃത്യമായി നൽകുന്നില്ലെന്നും ഇമ്രാന്റെ ജീവനു പോലും ഭീഷണിയുണ്ടെന്നും അതിനാൽ അത്യാവശ്യ സൗകര്യങ്ങളുള്ള ജയിലിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭീകരരെ പാർപ്പിക്കാറുള്ള സെല്ലിലാണ് ഇമ്രാനെ പാർപ്പിച്ചിരിക്കുന്നത്. അഭിഭാഷകരെ പോലും കാണാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ ഒപ്പു ലഭിക്കാത്തതിനാൽ മോചനത്തിനായി അപ്പീൽ ഫയൽ ചെയ്യാനാവുന്നില്ലെന്നും ഖുറേഷി പറഞ്ഞു.
ശനിയാഴ്ചയാണ് കോടതി ഇമ്രാനെ 3 വർഷം തടവിനു ശിക്ഷിച്ചതും ലഹോർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതും.