തിരുവനന്തപുരം: കഴിഞ്ഞ 15 വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവിച്ച (ഡിസ്ഫാജിയ) 67-കാരനിൽ എൻഡോസ്കോപ്പിക് പ്രൊസീജിയർ വിജയകരം. കിംസ്ഹെൽത്തിലെ വിദഗ്ധ മെഡിക്കൽ സംഘമാണ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമിയിലൂടെ (POEM) അന്നനാളത്തെ ബാധിക്കുന്ന നട്ട്ക്രാക്കർ ഈസോഫാഗസ് ഭേദമാക്കിയത്. രോഗി 15 വർഷത്തോളമായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിച്ച് ജീവൻ നിലനിർത്തുകയായിരുന്നു.

ഭക്ഷണം ഇറക്കാനാവത്ത സാഹചര്യവും തുടർച്ചയായ ഛർദ്ദിലിനെയും തുടർന്നാണ് തിരുവനന്തപുരം സ്വദേശി ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ ചികിത്സ തേടുന്നത്. രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് നടത്തിയ എൻഡോസ്കോപ്പിയിലാണ് അന്നനാളത്തിൽ ട്യൂമറാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഭക്ഷണ ഉരുളയുടെ സാന്നിധ്യം കണ്ടെത്തുന്നത്. എൻഡോസ്കോപ്പ് ഉപയോഗിച്ച് ഇത് നീക്കം ചെയ്യുകയും പിന്നീട് നടന്ന വിശദമായ ഈസോഫാഗൽ മനോമെട്രി ടെസ്റ്റിൽ അത്യപൂർവമായ നട്ട്ക്രാക്കർ ഈസോഫാഗസാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. അന്നനാളത്തിലെ പേശികൾ ഒരു നട്ട്ക്രാക്കർ പോലെ ശക്തമായി സങ്കോചിച്ച് ഭക്ഷണം വിഴുങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുന്ന രോഗാവസ്ഥയാണിത്. ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് പേശികൾ അതിശക്തമായി സങ്കോചിക്കുകയും വിഴുങ്ങിയ ഭക്ഷണം ആമാശയത്തിലേക്കെത്താതിരിക്കുകയും ചെയ്യുന്നു.

ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് അത്യാധുനിക എൻഡോസ്കോപിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (POEM) വിജയകരമാക്കിയത്. വായിലൂടെ ഒരു ഫ്ലെക്സിബിൾ എൻഡോസ്കോപ്പിക് ട്യൂബ് അന്നനാളത്തിലേക്ക് കടത്തിവിട്ട് ഒരു ചെറിയ മുറിവുണ്ടാക്കുകയും അന്നനാളത്തിന്റെ താഴ്ഭാഗത്തായുള്ള പേശികൾ 10 സെന്റിമീറ്റർ നീളത്തിൽ മുറിച്ച് മോചിപ്പിക്കുന്നതായിരുന്നു പ്രൊസീജിയർ. ഇത്തരത്തിലുണ്ടാവുന്ന മുറിവ് ക്ലിപ്പുകൾ ഉപയോഗിച്ച് അടയ്ക്കുകയും രോഗിക്ക് ഉടൻ തന്നെ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.

പ്രൊസീജിയറിന് ശേഷം ഭക്ഷണം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ടിൽ (ഡിസ്ഫാജിയ) നിന്നും പൂർണമായും മുക്തനായ രോഗി ആരോഗ്യം വീണ്ടെടുത്തു. അത്യപൂർവമായ ഈ രോഗവസ്ഥയ്ക്ക് അനുയോജ്യമായ ചികിത്സ രീതിയാണ് POEM എന്നും സർജിക്കൽ മയോടോമി ഈ രോഗത്തെ ചികിത്സിക്കാൻ ഒരു തരത്തിലും സഹായകമല്ലെന്നും ഡോ. മധു ശശിധരൻ അഭിപ്രായപ്പെട്ടു. സീനിയർ കൺസൾട്ടന്റുമാരായ ഡോ. അജിത് കെ നായർ, ഡോ ഹാരിഷ് കരീം, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അരുൺ പി, അനസ്തെറ്റിസ്റ്റ് ഡോ. രജത് റോയി എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *