റിയാദ്: ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകുന്നതിനും മടങ്ങി വരുന്നതിനും വിമാനക്കമ്പനികൾ നടത്തുന്ന പകൽക്കൊള്ളക്ക് കൂട്ടുനിൽക്കുകയാണ് കേന്ദ്ര സർക്കാറെന്ന് നവോദയ റിയാദ് കുറ്റപ്പെടുത്തി. നിലവിലെ യാത്ര നിരക്കുകൾ സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലും വളരെ കൂടുതലാണ്. സ്വകാര്യവത്കരിക്കപ്പെട്ട എയർ ഇന്ത്യ ഗൾഫിലെ പല നഗരങ്ങളിലേക്കും സർവിസ് നടത്തുന്നില്ല. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരത്തേക്ക് റിയാദ് ഉൾപ്പെടെയുള്ള പല ഗൾഫ് നഗരങ്ങളിൽനിന്ന് നേരിട്ടുള്ള സർവിസ് ഇപ്പോഴില്ല. കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവിസ് നടത്താൻ പല വിമാനക്കമ്പനികൾക്കും അനുമതി നൽകുന്നില്ല.
എയർ ഇന്ത്യയുടെ പല വിമാനങ്ങളും കാലതാമസം നേരിടുന്നതും റദ്ദാക്കുന്നതും യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. പ്രവാസികൾ വിമാനയാത്രക്ക് അസാധാരണമായ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും വെറും കാഴ്ചക്കാരുടെ റോളിൽ മാറിനിന്ന് ഈ കഴുത്തറുപ്പിന് കൂട്ടുനിൽക്കുകയാണ് കേന്ദ്ര സർക്കാർ. ചാർട്ടേഡ് വിമാനസർവിസ് നടത്താനുള്ള കേരള സർക്കാറിന്റെ പരിശ്രമങ്ങൾക്ക് അനുമതി നൽകാനും കേന്ദ്രം തയാറാകുന്നില്ല.
ശരാശരി 600 റിയാലിന് ഒരാൾ ഡൽഹിയിലേക്ക് യാത്രചെയ്യുമ്പോൾ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് രണ്ടായിരം റിയാലിന് മുകളിൽവരെ കൊടുക്കേണ്ട അവസ്ഥയാണുള്ളത്. കേന്ദ്ര സർക്കാറിന്റെ ഈ ക്രൂരതക്കെതിരെ പ്രവാസികൾ ഒന്നിച്ചു ശബ്ദമുയർത്തണമെന്ന് അഭ്യർഥിക്കുകയാണെന്നും നവോദയ കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.