ഹവായ്: യുഎസ് ദ്വീപുസംസ്ഥാനമായ ഹവായിലെ മൗവിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. നൂറുകണക്കിനുപേരെ കാണാതായി. ദുരന്തമേഖലയുടെ 3 ശതമാനം മാത്രമേ തിരച്ചിൽ സംഘം പരിശോധിച്ചു കഴിഞ്ഞിട്ടുള്ളൂ.
മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നു ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. കാട്ടുതീ മുന്നറിയിപ്പു സൈറൺ പ്രവർത്തിപ്പിക്കാതിരുന്നതിനെ ക്കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.
ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പട്ടണത്തെ ചുട്ടെരിച്ച കാട്ടുതീയിൽ 2200 കെട്ടിടങ്ങൾ നശിച്ചു, 850 ഹെക്ടർ പ്രദേശം കത്തി നശിച്ചു. ഹവായിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തമാണിത്.