ന്യൂയോർക്ക്: നടുറോഡിൽ കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം ഉണ്ടാക്കിയ യുവതിയെ കാറിടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ്. യുഎസിലെ നാസോയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ നോർത്ത് ബെൽമോറിൽ ബെൽമോർ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. സംഭവത്തിൽ 33 വയസുള്ള യുവതിയെ പൊലീസ് പിടികൂടിയെങ്കിലും ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ട്രാഫിക്കിൽ കിടന്ന കാറുകളിലെ കുടുംബാംഗങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ് ഇവർ ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. ഒരു തവണ വെടിയുതിർത്ത് ഇവർ ജനങ്ങളുടെ ഭയപ്പാട് വർധിപ്പിച്ചു. തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും സ്വയം തോക്കുചൂണ്ടി പ്രതിരോധിക്കുകയായിരുന്നു. തോക്ക് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. തുടര്‍ന്നു പൊലീസ് കാറിടിച്ചു വീഴ്ത്തി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപകടത്തിൽ നിസാരപരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘‘നിറത്തോക്കാണ് യുവതി ചൂണ്ടിയത്. കൂട്ടികൾക്കും കുടുംബങ്ങൾക്ക് നേരെയും തോക്കുചൂണ്ടി കടുത്ത ഭയപ്പാടുണ്ടാക്കി. കാറോടിച്ച ഞങ്ങളുടെ ‘ഹീറോ’ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടത്. യുവതി ഉയർത്തിയ കടുത്ത ഭീഷണി മികച്ചരീതിയിൽ അദ്ദേഹത്തിന് പ്രതിരോധിക്കാനായി. ഇവരുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുന്നുണ്ട്.” – നാസോ പൊലീസ് കമ്മിഷണർ പാട്രിക് റൂഡർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *