കൊച്ചി: വ്യത്യസ്തമായ ഒരു ചിത്രപ്രദര്‍ശനം കണ്ടാലോ? വരകളല്ല, വരച്ചവരാണ് ഇവിടെ വ്യത്യസ്തര്‍. വരച്ചതത്രയും കൈ തൊടാതെയാണെന്ന് മാത്രം. വായും കാലുമുപയോഗിച്ച് ഭിന്നശേഷിക്കാരായ കലാകാരന്മാര്‍ വരച്ച ഒരുപിടി ചിത്രങ്ങളാണ് ഈ ശനിയാഴ്ച കലാസ്വാദകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന ഇന്‍സ്പയര്‍ ആര്‍ട്ട് ഗാല എന്ന് പേരിട്ടിട്ടുള്ള പ്രദര്‍ശനത്തോടനുബന്ധിച്ച് അഞ്ച് കലാകാരന്മാരുടെ അസാമാന്യ കലാപ്രകടനം തത്സമയം ആസ്വദിക്കാനും കഴിയും.

ഭിന്നശേഷിക്കാര്‍ക്കുള്ള രാജ്യാന്തര സംഘടനയായ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ (എം.എഫ്.പി.എ) നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ ആര്‍ട്ട് ഗാലറിയായ ഫോര്‍ട്ട് കൊച്ചിയിലെ മാ ജോയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത് എന്നതും പ്രത്യേകതയാണ്.

ആഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് നാല് മുതല്‍ ആറ് വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുളള കലാകാരന്മാര്‍ വരച്ച നിരവധി ചിത്രങ്ങള്‍ ആസ്വദിക്കാനാകും. വൈകല്യം ഒരു കുറവല്ലെന്നും മറ്റാര്‍ക്കും ചെയ്യാനാകാത്ത കുറെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണെന്നും വ്യക്തമാക്കുന്നതാണ് ഇവയെല്ലാം. ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഇന്‍സ്പയര്‍ ആര്‍ട്ട് ഗാലയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫാഷനും കലയും സംയോജിപ്പിച്ചുള്ള എം.എഫ്.പി.എ ബ്രാന്റായ ഡുഎയുടെ ഉല്‍പ്പന്നങ്ങള്‍ കാണാനും വാങ്ങാനും അവസരമുണ്ടാകും.

ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, അതിനെ ഉപജീവന മാര്‍ഗമാക്കി മാറ്റാനുള്ള സഹായം ചെയ്യുക എന്നിവയാണ് 67 വര്‍ഷത്തെ ചരിത്രമുള്ള എം.എഫ്.പി.എയുടെ ഉദ്ദേശ്യലക്ഷ്യം.വിവിധ രാജ്യങ്ങളില്‍ നിന്നായി 750ലധികം പേരാണ് എം.എഫ്.പി.എക്ക് കീഴില്‍ അണിനിരക്കുന്നത്. ഇതില്‍ 36 പേര്‍ ഇന്ത്യയില്‍ നിന്നും 10 പേര്‍ കേരളത്തില്‍ നിന്നുമാണ്.

ഒരുപാട് പരിമിതികള്‍ക്കിടയില്‍ നിന്നാണ് ഓരോ കലാസൃഷ്ടിയും പിറക്കുന്നതെന്നും ജീവിതത്തില്‍ നേരിട്ടിട്ടുള്ള അവഗണനകളുടെയും വെല്ലുവിളികളുടെയും അംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവയെല്ലാം മാസ്റ്റര്‍പീസുകളാണെന്ന് എം.എഫ്.പി.എ ഇന്ത്യ മാര്‍ക്കറ്റിംഗ് ഹെഡ് ബോബി തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *