ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കൂടി കേസെടുത്തു. യുഎസിലെ പാക്ക് എംബസിയിൽനിന്നുള്ള രഹസ്യസന്ദേശം പരസ്യമാക്കിയെന്നാരോപിച്ചാണു ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) കേസെടുത്തത്.
എംബസി സന്ദേശം തെളിവായി ഉദ്ധരിച്ചാണ് തന്റെ സർക്കാരിനെ പുറത്താക്കാൻ യുഎസ് ഗൂഢാലോചന നടത്തിയെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ പാർട്ടി റാലിയിൽ ഇമ്രാൻ ആരോപിച്ചത്. ഇത് യുഎസ് നിഷേധിക്കുകയും ചെയ്തു. ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻ ഖാനു പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. അഴിമതിക്കേസിൽ 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ഇമ്രാൻ ഈ മാസം ആദ്യമാണ് ജയിലിലായത്.