അയർലണ്ട്: ലോകമെങ്ങുമുള്ള തിയറ്ററുകളിൽ നിറഞ്ഞോടുകയാണ് രജനികാന്ത് നായകനായ ‘ജയിലർ’. 10 ദിവസം കൊണ്ട് ചിത്രം 500 കോടി ക്ലബിലെത്തിയിരുന്നു. അയർലൻഡിൽ ചിത്രത്തിന്റെ പ്രത്യേക ഷോ നടത്തിയപ്പോൾ മുഖ്യാതിഥിയായി എത്തിയത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ്. അയർലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമായ സഞ്ജു മുഖ്യാതിഥിയായ കാര്യം ഇന്നലെ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ കമന്റേറ്റർ നയാൽ ഒബ്രിയൻ സൂചിപ്പിക്കുകയും ചെയ്തു. സഞ്ജുവും ഋതുരാജ് ഗെയ്ക്‍വാദും ക്രീസിലുള്ളപ്പോഴായിരുന്നു ഇത്. താരത്തിനിത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത രജനി ആരാധകനാണ് സഞ്ജു. പല ഇന്റർവ്യൂകളിലും അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ സഞ്ജു രജനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ‘‘ഏഴാം വയസ്സ് മുതൽ ഞാനൊരു രജനി ഫാൻ ആണ്. രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സന്ദർശിക്കുമെന്ന് ഒരിക്കൽ മാതാപിതാക്കളോട് പറയുകയും ചെയ്തിരുന്നു. തലൈവർ എന്നെ ക്ഷണിച്ചതോടെ 21 വർഷത്തിന് ശേഷം ആ ദിവസം വന്നെത്തിയിരിക്കുന്നു.” – രജനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സഞ്ജു കുറിച്ചിരുന്നു.