കുവൈറ്റ്: കുവൈറ്റിൽ ഫാമിലി വിസിറ്റ് വീസ വർഷാവസാനത്തോടെ പുനരാരംഭിക്കാൻ സാധ്യത. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഡിസംബറോടെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് കാലത്ത് ഫാമിലി വിസിറ്റ് വീസ നൽകുന്നത് നിർത്തിവച്ചിരുന്നു. 2022 മാർച്ച് മുതൽ പുനരാരംഭിച്ചെങ്കിലും പിന്നീടത് ആരോഗ്യമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു.

കുവൈത്തിൽ വിദേശികൾ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വീസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. പുതിയ വീസാ നിയമാവലി തയാറായതായും ഉടൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന് സമർപ്പിക്കുമെന്നും സൂചിപ്പിച്ചു.

കുടുംബ സന്ദർശക വീസാ കാലാവധി 3 മാസത്തിൽ നിന്ന് 1 മാസമായി കുറയും. സന്ദർശക വീസക്കാർക്ക് പ്രത്യേക കാർഡും ഇൻഷൂറൻസും നിർബന്ധമാക്കുന്നതാണ് മറ്റൊരു മാറ്റം.

ഫാമിലി വീസയ്ക്കുള്ള ഇൻഷൂറൻസിന് 500 ദിനാറാക്കുമെന്ന (1.34 ലക്ഷം രൂപ) സൂചന പ്രവാസികളുടെ ബജറ്റിനെ തകിടം മറിക്കും. കൂടാതെ 3 ദിനാർ (809 രൂപ) ഈടാക്കിയിരുന്ന വീസാ ഫീസും വർധിക്കുമെന്നും സൂചനയുണ്ട്. സന്ദർശകൻ നിശ്ചിത കാലാവധിക്കുശേഷം രാജ്യം വിടുമെന്ന് അപേക്ഷകൻ ഉറപ്പാക്കണം. പോയില്ലെങ്കിൽ അപേക്ഷകന് വീസ ലഭിക്കില്ല.

ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ എന്നിവരാണ് കുടുംബത്തിന്റെ പരിധിയിൽ വരുന്നത്. സഹോദരങ്ങൾക്ക് ഫാമിലി വീസ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *