മോസ്കോ: വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിനെ പുട്ടിൻ ഭരണകൂടം കൊലപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് റഷ്യ. പാശ്ചാത്യനിഗമനങ്ങൾ ശുദ്ധനുണയാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം, പ്രിഗോഷിന്റെ മരണം ഔദ്യോഗികമായി റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയപരിശോധനയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്നു ക്രെംലിൻ വക്താവ് വ്യക്തമാക്കി.
മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധന എന്നു പൂർത്തിയാകുമെന്നും വ്യക്തമാക്കിയിട്ടില്ല. പ്രിഗോഷിന്റെ സംസ്കാരത്തിൽ പുട്ടിൻ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, സംസ്കാരത്തീയതി തീരുമാനിച്ചിട്ടില്ലെന്നാണു ക്രെംലിൻ വക്താവ് മറുപടി നൽകിയത്. അതിനിടെ, പൈലറ്റ് അലക്സി ലെവ്‌ഷിന്റെ മരണം സ്ഥിരീകരിച്ചു. അധികൃതർ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ബുധനാഴ്ചയാണു പ്രിഗോഷിൻ അടക്കം 10 പേർ കയറിയ സ്വകാര്യവിമാനം മോസ്കോയ്ക്കും സെന്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്നുവീണ് എല്ലാവരും കൊല്ലപ്പെട്ടത്.