കൊച്ചി:   വാട്ട്‌സാപ് വഴി വ്യക്തിഗത വായ്പ നല്‍കുന്ന സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു.  ഇടപാടുകാർക്ക്  ഈ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയുള്ള വായ്പ ലഭ്യമാവുന്നതാണ്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം   ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ എ പി ഹോത നിര്‍വഹിച്ചു.  മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, വൈസ് പ്രസിഡന്റും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ സുമോത് സി  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
 വാട്ട്‌സാപ് സംവിധാനം വഴിയുള്ള വായ്പ അവതരിപ്പിച്ചതിലൂടെ ഇതുവരെയില്ലാതിരുന്ന സൗകര്യമാണ് ഇടപാടുകാർക്ക് ലഭ്യമായിരിക്കുന്നത്. അതുല്യമായ അനുഭവങ്ങളും അതിവേഗ സാമ്പത്തിക സേവനങ്ങളും ഇടപാടുകാർക്ക്  പ്രദാനം ചെയ്യാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് വിപ്ലവകരമായ ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്.
ഡിജിറ്റല്‍വല്‍ക്കരണത്തിലും പുതുമയിലും ഫെഡറല്‍ ബാങ്കിനുള്ള അതീവ ശ്രദ്ധയാണ് വാട്ട്‌സാപ് ബാങ്കിങ് സംവിധാനം പുറത്തിറക്കുന്നതിലൂടെ ദൃശ്യമായിരിക്കുന്നതെന്ന്  ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.  ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക്  ഫലപ്രദമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പാതയിലെ മറ്റൊരു ചുവടു വെപ്പാണിത്.   പരമ്പരാഗത രീതിയിലുള്ള അനാവശ്യമായ സങ്കീര്‍ണതകളും താമസങ്ങളും പുതിയ സംവിധാനത്തിലൂടെ  ഒഴിവാക്കാനുമാകുമെന്നും ശാലിനി വാര്യര്‍ പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ വാട്ട്‌സാപ് നമ്പറായ 9633 600 800 -ലേക്ക് Hi സന്ദേശം അയച്ചു കൊണ്ട് പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ നേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *