നെടുമങ്ങാട്: മകൻ വാഹനാപകടത്തില്‍ മരിച്ച വിവരമറിഞ്ഞ മാതാവ് കിണറില്‍ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം സ്വദേശി സജിന്‍ മുഹമ്മദിന്റെ മാതാവ് ഷീജ ബീഗമാണു മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല എംവിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച സജിൻ.

ഇന്നലെ വൈകിട്ട് സര്‍വകലാശാല ക്യാംപസിലുണ്ടായ അപകടത്തില്‍ സജിന് പരുക്കേറ്റിരുന്നു. വിവരമറിഞ്ഞു വയനാട്ടിലേക്കു ബന്ധുക്കള്‍ക്കൊപ്പം തിരിച്ചതാണു ഷീജ. രാത്രി വൈകി സജിന്‍ മരിച്ച വിവരമറിഞ്ഞു ബന്ധുക്കള്‍ ഷീജയെ വീട്ടില്‍ തിരിച്ചെത്തിച്ചശേഷം വയനാട്ടിലേക്കു യാത്ര തുടര്‍ന്നു. രാത്രിയോടെ മകന്റെ മരണവാർത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധു വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.

അപകടമുണ്ടാക്കിയ വാഹനം വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളൂര്‍കോണം ഗവ. എല്‍പിഎസ് അധ്യാപികയാണ് ഷീജ. ഭര്‍ത്താവ് റിട്ട. റേഞ്ച് ഓഫിസര്‍ സുലൈമാന്‍. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *