മസ്കറ്റ് : റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും വർധിച്ച് ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കിലെത്തി. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കാണ് ചൊവ്വാഴ്ച ഉപഭോക്താക്കൾക്ക് നൽകിയത്. ഇത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ റിയാലിന്റെ വിനിമയ നിരക്ക് 215.75 ആയിരുന്നു. ഡോളർ ശക്തമാവുന്നതും നിരവധി കാരണങ്ങളാൽ ഇന്ത്യയിൽനിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം.
നിരവധി ഏഷ്യൻ രാജ്യങ്ങളുടെ കറൻസി മൂല്യം ചൊവ്വാഴ്ച ഇടിഞ്ഞിരുന്നു. പാകിസ്താൻ, ചൈന, കൊറിയ അടക്കം നിരവധി രാജ്യങ്ങളുടെ കറൻസികൾ വൻ തകർച്ച നേരിടുകയാണ്. കൊറിയൻ കറൻസിക്ക് ഒരു ശതമാനം കുറവാണ് ഉണ്ടായത്. ചൈന കറൻസിക്ക് അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് 7.30 കുറവാണുണ്ടായത്. പാകിസ്താൻ കറൻസിയുടെ വില ഇടിവ് തുടരുകയാണ്.