തിരുവനന്തപുരം: നട്ടെല്ലിലെ തേയ്മാനത്തെ തുടർന്ന് കൈയിലും കഴുത്തിലും വിട്ടുമാറാത്ത വേദനയുമായെത്തിയ ഗുജറാത്ത് സ്വദേശിനിയായ 46 വയസ്സുകാരിയിൽ കീഹോൾ ശസ്ത്രക്രിയ വിജയകരം. അത്യാധുനിക സെർവിക്കൽ ടോട്ടൽ ഡിസ്‌ക് ആർത്രോപ്ലാസ്റ്റിയാണ് തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയത്. വിശദ പരിശോധനയിൽ, കഴുത്തിലെ ഡിസ്ക് തെന്നി കൈയിലെ ഞരമ്പുകൾ ഞെരുക്കുന്ന അവസ്ഥയിലായിരുന്നു. തുടർന്ന്, ഓർത്തോപീഡിക്സ് ആൻഡ് ട്രോമ വിഭാഗം കൺസൽട്ടൻറ് ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ തകരാറിലായ ഡിസ്ക് മാറ്റി കൃത്രിമ പ്രോസ്തറ്റിക് ഇമ്പ്ലാൻറ് സ്ഥാപിക്കുകയായിരുന്നു.

കുറച്ചു മാസങ്ങളായി രോഗി നിരന്തരമായ വേദനയാൽ ബുദ്ധിമുട്ടുകയായിരുന്നു. എം.ആർ.ഐ സ്കാനിലാണ്, കഴുത്തിലെ ഡിസ്‌ക് തെന്നി മാറിയതായും സാരമായ തേയ്മാനത്തിനും അതുവഴി ഞരമ്പ് ഞെരുക്കത്തിനും കാരണമാകുന്നതായും കണ്ടെത്തുന്നത്. സാധാരണയായി, ഇത്തരം കേസുകളിൽ തെന്നിമാറിയ ഡിസ്ക് നീക്കം ചെയ്ത് മെറ്റൽ പ്ലേറ്റ് സ്ഥാപിക്കുന്ന ആന്റീരിയർ സെർവിക്കൽ മൈക്രോഡിസെക്ടമിയും ഫ്യൂഷനുമാണ് ചികിത്സാമാർഗം. എന്നാൽ ഈ രോഗിയിൽ ഇത്തരത്തിൽ മെറ്റൽ പ്ലേറ്റ് സ്ഥാപിക്കുന്നത് തൊട്ടടുത്ത ഡിസ്‌കിന്റെ തേയ്മാനം വർദ്ധിപ്പിക്കുയും ഇത് ആ ഭാഗത്തെ ചലനശേഷി നഷ്ടപ്പെടുന്നതിനും മറ്റ് സങ്കീർണ്ണതകൾക്ക് കരണമാകുമെന്നതിനാലും സെർവിക്കൽ ടോട്ടൽ ഡിസ്‌ക് ആർത്രോപ്ലാസ്റ്റിയിലൂടെ തെന്നി മാറിയ ഡിസ്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.

കീഹോൾ ശസ്ത്രക്രിയ വഴി സ്‌പൈനൽ കോർഡിന് സമീപമുള്ള സെർവിക്കൽ ഡിസ്കിനെ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും ഈ പ്രക്രിയ അപൂർവമായി മാത്രമേ തിരഞ്ഞെടുക്കാറുള്ളുവെന്നും ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം കഴുത്തിന്റെ സ്വാഭാവിക ചലനശേഷി വീണ്ടെടുക്കുന്ന രോഗിക്ക് വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സാധാരണയായി ചെയ്യുന്ന ഫ്യൂഷൻ പ്രൊസീജിയറിനെ അപേക്ഷിച്ച് തൊട്ടടുത്ത ഡിസ്കുകളുടെ തേയ്മാനത്തിന്റെ സാധ്യത കുറയ്ക്കുന്നതായി ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അനസ്‌തേഷ്യ വിഭാഗം ഡോ. സുരയ്യ മെഹ്ബൂബ്, ശസ്ത്രക്രിയയുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *