തിരുവനന്തപുരം: പാത ഇരട്ടപ്പിക്കലിന് റെയിൽവേ എത്തിച്ച പാറ മോഷ്ടിച്ചുകടത്തിയ രണ്ടംഗസംഘത്തെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പിടികൂടി. പാറ കടത്താൻ ഉപയോഗിച്ച ലോറിയും പിടിച്ചെടുത്തു. നെയ്യാറ്റിൻകര നടൂർകൊല്ല മാങ്കോട്ടുകോണം സാം നിവാസിൽ സാമ്രാജ് (27), കാരോട്ടുകോണം സ്വദേശി ടി. അജി (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാറശ്ശാലക്കും നെയ്യാറ്റിൻകരക്കും ഇടയിലുള്ള റെയിൽവേയുടെ സ്ഥലത്ത് നിന്ന് സാധനങ്ങൾ കടത്തുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ്.
ബുധനാഴ്ച ഇവിടെനിന്ന് 18,000 രൂപ വില വരുന്ന പാറ മൂന്ന് ലോഡുകളിലായി സംഘം മോഷ്ടിച്ചിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘം പിടിയിലായത്. അമരവിള നടൂർകൊല്ല റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് പാറ കടത്താനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ്. നെയ്യാറ്റിൻകരയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പാറ എത്തിച്ചതെന്ന് പിടിയിലായവർ മൊഴി നൽകി. തുടർന്ന് ആർ.പി.എഫ് സംഘം ഇവിടെ എത്തി രണ്ടുലോഡ് പാറ പിടിച്ചെടുത്തു. തൊണ്ടിമുതലും പ്രതികളെയും കോടതിയിൽ ഹാജരാക്കി. പാത ഇരട്ടിപ്പിക്കലിന്റെ നിർമാണജോലികൾ നടക്കുന്നതിൽ പലയിടത്തും സമാനമായ സംഭവങ്ങൾ ഉണ്ടാകുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.