മറയൂർ: പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ തമിഴ്നാട്ടില്‍നിന്ന് പിടികൂടി. മറയൂര്‍ മേഖലയില്‍ നിരവധി വീടുകള്‍ കൊള്ളയടിക്കുകയും തമിഴ്നാട്ടില്‍ കൊലപാതകം, കവര്‍ച്ച, ബലാത്സംഗം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയുമായ ബാലമുരുക(33)നെയാണ് മറയൂര്‍ പൊലീസ് പിടികൂടിയത്.
ആഗസ്റ്റ് 12ന് രാത്രി രണ്ടിന് മറയൂര്‍ കോട്ടക്കുളം ഭാഗത്തെ വര്‍ക്ക്ഷോപ് ഉടമയായ സതീശന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ബാലമുരുകൻ ഉള്‍പ്പെടെ നാലുപേർ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി മടങ്ങി വരുന്നതിനിടെ എസ്.ഐ അശോക് കുമാറിനെ ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. ആഗസ്റ്റ് 19നാണ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞത്.
പിന്നീട് തമിഴ്നാട് പൊലീസ് പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ കഴിഞ്ഞ 15 ദിവസമായി നടത്തിയ അന്വേഷണത്തിലാണ് തെങ്കാശ്ശി അംബാസമുദ്രം രാമനദി ഡാമിന് സമീപത്തെ കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളിൽനിന്ന് വെള്ളിയാഴ്ച പുലര്‍ച്ച നാലിന് പിടികൂടിയത്. മറയൂരിലെത്തിച്ച പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയ പൊലീസിന് പ്രദേശവാസികളും ഡ്രൈവര്‍മാരും ചേര്‍ന്ന് കേക്ക് മുറിച്ചും പൊന്നാടയണിച്ചും സ്വീകരണം നല്കി.