ദുബായ്: പ്രീ സീസൺ പര്യടനത്തിന്റെ ഭാഗമായി യുഎഇ പ്രൊ ലീഗ് ക്ലബ് അൽ വാസലിനെതിരെ നടന്ന പ്രദർശന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ശനിയാഴ്ച നടന്ന മത്സരത്തിൽ അൽ വാസൽ 6–0ന് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ഒട്ടേറെ മലയാളി ആരാധകർ എത്തിയിരുന്നു. ഇവർ വലിയ ആരവത്തോടെയാണ് ടീമിനെ കളിക്കളത്തിലേക്കു വരവേറ്റത്. 5 പ്രധാന കളിക്കാർ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടക്കമുള്ളവർ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോൾ നേടാനായില്ല. ഷാർജ ക്ലബ്ബുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നാളെ വൈകിട്ട് 5ന് ഷാർജ സ്റ്റേഡിയത്തിൽ നടക്കും.