തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ തമാശ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായെന്നും ഞാൻ ആരാണെന്ന് എനിക്കറിയാം. നിങ്ങൾക്കുമറിയാം എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് സോളർ കമ്മിഷൻ റിപ്പോർട്ടിൽ എനിക്കെതിരെ രേഖപ്പെടുത്തിയത്. ഞാൻ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലർത്തണം. കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിക്കും. പാർട്ടിയില്ലെങ്കിൽ ആരും ഒന്നുമല്ല. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന തരത്തിൽ ആയുധം കൊടുക്കാൻ ശ്രമിക്കില്ല. എ ഗ്രൂപ്പ് ഉണ്ടാക്കിയത് തന്നെ ഞങ്ങളാണ്. അതിൽ പലരും ഇന്നില്ല. പാർട്ടിയുടെ ശക്തിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പിന്റെ ശക്തിക്കുവേണ്ടി പാർട്ടിയെ തളർത്തില്ല.
‘‘ഞാൻ വലിയ ആഗ്രങ്ങളോടെ വന്നയാളല്ല. ഈ വിഷയം കത്തിനിൽക്കണമെന്ന് ഭരണപക്ഷമാണ് ആഗ്രഹിക്കുന്നത്. ഉമ്മൻചാണ്ടിയുടെ പ്രതിസന്ധിയിൽ എപ്പോഴും കൂടെ നിന്നയാളാണ് ഞാൻ. സെക്രട്ടേറിയറ്റ് വളഞ്ഞ അന്ന് രാവിലെ ഉമ്മൻ ചാണ്ടി എന്നെ വിളിക്കുകയും ഞങ്ങൾ ഒരുമിച്ച് സെക്രട്ടേറിയറ്റിലേക്ക് പോകുകയും ചെയ്തവരാണ്. അത് ആത്മബന്ധമാണ്. അതിന് ചെറിയ വീഴ്ചപോലും വരുത്താൻ ഇടവരുത്തിയിട്ടില്ല. ബാക്കി കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിച്ചശേഷം തീരുമാനിക്കും.’’– തിരുവഞ്ചൂർ പറഞ്ഞു.