മസ്കറ്റ്: ഒമാൻ എണ്ണവില വീണ്ടും ഉയർന്ന് ബാരലിന് 95.51 ഡോളറിലെത്തി. ഇത് കഴിഞ്ഞ 11 മാസത്തിനുള്ളിലെ ഉയർന്ന വിലയാണ്. ഏതാനും ദിവസമായി എണ്ണവില ഉയരുകയായിരുന്നു. വ്യാഴാഴ്ച 93.86 ഡോളറായിരുന്നു. ഇതിനെക്കാൾ 1.51 ഡോളർ കൂടിയാണ് പുതിയ വിലയിലെത്തിയത്. ബുധനാഴ്ച എണ്ണവില ബാരലിന് 93.82 ഡോളറും ചൊവ്വാഴ്ച 92.31 ഡോളറും ആയിരുന്നു.
സൗദി അറേബ്യയും റഷ്യയും എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ദീർഘിപ്പിച്ചതാണ് എണ്ണവില വീണ്ടും ഉയരാൻ പ്രധാന കാരണം. എണ്ണവില വർധിക്കുന്നത് ഒമാൻ അടക്കമുള്ള എണ്ണ ഉൽപാദന രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥക്ക് അനുഗ്രഹമാവും. ഒമാൻ ബജറ്റിൽ എണ്ണവില ബാരലിന് 50 ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. എണ്ണക്ക് കൂടുതൽ വില ലഭിക്കുന്നത് രാജ്യത്തിന്റെ കമ്മി ബജറ്റ് മിച്ചത്തിലാകാനും കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനും കഴിയും. രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് ഇത് വഴിയൊരുക്കും.