തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടയിൽ രണ്ട് രോഗികളിൽ സ്പൈഗ്ലാസ് പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. പിത്തനാളിയിലെയും പാൻക്രിയാസിലെയും അസുഖങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന എൻഡോസ്കോപ്പിക്ക് സാങ്കേതികവിദ്യയാണ് സ്പൈഗ്ലാസ്. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് തെക്കൻ കേരളത്തിലാദ്യമായി ഈ നൂതന പ്രൊസീജിയർ വിജയകരമായി പൂർത്തിയാക്കുന്നത്.

ഒരു പെൻസിൽ മുനയുടെ വലുപ്പമുള്ള ഫൈബർ-ഒപ്‌റ്റിക് ക്യാമറയാണ് സ്പൈഗ്ലാസ്. ഇത് ആമാശയത്തിലൂടെ പിത്തരസ നാളങ്ങളിലേക്കും പാൻക്രിയാസിലേക്കും കടത്തിവിടുന്നു. ഈ പ്രൊസീജിയറിലൂടെ, വേഗത്തിലും കൃത്യതയിലും പിത്തനാളിയും പാൻക്രിയാസും വിശദമായി പരിശോധിക്കാനും, ശസ്ത്രക്രിയ കൂടാതെ തന്നെ ബയോപ്സിക്ക് വേണ്ട കോശങ്ങൾ ശേഖരിക്കാനും സാധിക്കുന്നു.

“തുടർച്ചയായി മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്നാണ് തമിഴ്നാട് സ്വദേശിയായ 71-കാരൻ ചികിത്സ തേടുന്നത്. രോഗിയിൽ നടത്തിയ പരിശോധനയിൽ പിത്തനാളി ചുരുങ്ങുന്നതായി കണ്ടെത്തി. ഇത് കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ദഹനത്തിന് ആവശ്യമായ പിത്തരസത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയുമായിരുന്നു. രോഗിയുടെ നില തൃപ്തികരമായ  ഘട്ടത്തിൽ സ്പൈഗ്ലാസ് പ്രൊസീജിയറിലൂടെ ചുരുങ്ങിയ പിത്തനാളിയുടെ ബയോപ്സി എടുക്കുകയായിരുന്നു.” -ഡോ. മധു ശശിധരൻ പറഞ്ഞു.

നേരത്തെ പാൻക്രിയാസിൽ വീക്കം കണ്ടെത്തിയ 47 വയസുള്ള മറ്റൊരു രോഗി കഠിനമായ വയറുവേദനയുമായാണ് ചികിത്സ തേടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ, വേദനയുടെ കാരണം പാൻക്രിയാറ്റിക്ക് നാളിയിൽ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ രൂപപ്പെട്ട വലിയ കല്ലാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കൽ സംഘം സ്പൈഗ്ലാസ് പ്രൊസീജിയറിലൂടെ പാൻക്രിയാസിൽ കണ്ടെത്തിയ കല്ല് ചെറുകഷണങ്ങളാക്കി സൂക്ഷ്മതയോടെ നീക്കം ചെയ്ത് വീണ്ടും ഇത്തരത്തിൽ രൂപപ്പെടാതിരിക്കാനായി സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു. 30 മിനിറ്റിനുള്ളിലാണ് മുഴുവൻ പ്രൊസീജിയറും പൂർത്തിയാക്കിയത്.

അടുത്ത ദിവസം തന്നെ ഇരുവരും ആശുപത്രി വിടുകയും സുഖം പ്രാപിക്കുകയും ചെയ്തു. സ്പൈഗ്ലാസ്   പിത്തസഞ്ചിയിലെയും പാൻക്രിയാസിലെയും വലിയ കല്ലുകൾ നീക്കം ചെയ്യുന്നതിനും, ക്യാൻസർ രോഗനിർണ്ണയത്തിനും സഹായകമാകുമെന്ന് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഹാരിഷ് കരീം പറഞ്ഞു. ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അജിത് കെ.നായർ,  അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അരുൺ പി, അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ.രജത് റോയ് എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *