മുബൈ: മഹാരാഷ്ട്രയിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി കൊങ്കൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുറിയിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹമോചിതയായ യുവതി കഴിഞ്ഞ 11 മാസമായി മുറിയിൽ താമസിച്ചു വരികയാണെന്ന് അയൽവാസികൾ പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.