മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം, മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ ഉൾപ്പെടെ 3 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ചിത്രം, ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ ചിത്രം, 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രം. ഒരുപാട് പ്രത്യേകതകൾ ഒത്തൊരുമിക്കുന്ന മലയാളം ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പല്ലൊട്ടി 90s കിഡ്സ്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ്‌മെന്റ് ടീസർ അണിയറക്കാർ പുറത്തുവിട്ടു. തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന നൊസ്റ്റാൾജിക് ചിത്രം 2024 ജനുവരി 5ന് ആണ് ചിത്രം തീയേറ്ററിൽ എത്തുക.

കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’ ചിത്രത്തിന്റെ കഥ – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘സിനിമപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ’ ആദ്യ ചിത്രമായ ‘പല്ലൊട്ടി 90’s കിഡ്സ്‌’ വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പല്ലൊട്ടിയിൽ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം മാസ്റ്റർ ഡാവിഞ്ചിയെ തേടിയെത്തിയിരുന്നു.. ബാലതാരങ്ങൾക്ക് പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേശ് പ്രഭാകർ, നിരഞ്ജനാ അനൂപ് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ പല്ലൊട്ടിയിൽ ഉണ്ട്

https://youtu.be/GsDb4pPyjR0?si=h149vxsQBHdSAjjO

Leave a Reply

Your email address will not be published. Required fields are marked *