കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ തുടർച്ചയായ മൂന്നാം വിജയം നേടി ഗോകുലം കേരള എഫ്സി. ഇന്നലെ കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രൗ എഫ്സിയെ 2–0നാണ് ഗോകുലം തോൽപിച്ചത്. ഗോകുലത്തിന്റെ സീസണിലെ ആദ്യ എവേ വിജയമാണിത്.
26–ാം സെക്കൻഡിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ ഗോളിലൂടെയാണ് ഗോകുലം മുന്നിലെത്തിയത്. 16–ാം മിനിറ്റിൽ അലക്സ് സാഞ്ചസ് രണ്ടാം ഗോളും നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും അലക്സ് ഹാട്രിക് നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും പിന്നീടു ലഭിച്ച മൂന്നവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. 62ാം മിനിറ്റിൽ ഗോകുലം ഗോളി ദേവാശിഷ് ദേവാൻഷിനു ചുവപ്പുകാർഡ് കിട്ടി പുറത്തുപോവേണ്ടി വന്നു. നാലു മത്സരങ്ങളിൽ 10 പോയിന്റോടെ ഗോകുലമാണ് ഒന്നാം സ്ഥാനത്ത്.