മസ്കറ്റ്: ദിവസേന ആഡംബര കപ്പലുകൾ സലാല തുറമുഖത്ത് എത്തിയതോടെ വിവിധ ടൂറിസ്റ്റ് പ്രദേശങ്ങളിൽ പുത്തനുണർവ്. ശനിയാഴ്ച 380 വിനോദസഞ്ചാരികൾ ഉൾപ്പെടെ 779 യാത്രക്കാരുമായി സിൽവർ സ്പിരിറ്റ് എന്ന കപ്പലാണ് നങ്കൂരമിട്ടത്. ജിദ്ദ ഇസ്ലാമിക് തുറമുഖത്തു നിന്നാണ് കപ്പൽ സലാലയിലെത്തിയത്. ഇവിടെനിന്ന് മസ്കറ്റ് ഗവർണറേറ്റിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തേക്ക് തിരിച്ചു.
വെള്ളിയാഴ്ച 1932 വിനോദസഞ്ചാരികളടക്കം 2,885 യാത്രക്കാരുമായി ക്യൂൻ എലിസബത്ത് എന്ന ക്രൂസ് കപ്പലും തുറമുഖത്തെത്തിയിരുന്നു. ഈജിപ്ഷ്യൻ തുറമുഖമായ സഫാഗയിൽനിന്ന് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് പോവുകയായിരുന്നു കപ്പൽ. കൂടാതെ രണ്ട് ക്രൂസ് കപ്പലുകൾ കൂടി വ്യാഴാഴ്ചയും തുറമുഖത്ത് എത്തിയിരുന്നു. ലോകമെമ്പാടുമുള്ള നിരവധി തുറമുഖങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഈജിപ്തിൽനിന്ന് കപ്പൽ സലാലയിൽ എത്തിയത്. ഇവിടെനിന്ന് മസ്കറ്റ് ഗവർണറേറ്റിലേക്കും തുടർന്ന് മൊറീഷ്യസിലേക്കു തിരിക്കും.
സഞ്ചാരികൾക്കും യാത്രക്കാർക്കും ഉജ്ജ്വല വരവേൽപ്പാണ് അധികൃതർ നൽകിയത്. ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു-ചരിത്ര, ടൂറിസ്റ്റ് സ്ഥലങ്ങൾ, ലാൻഡ്മാർക്കുകൾ, ബീച്ചുകൾ, സലാല നഗരത്തിലെ പരമ്പരാഗത മാർക്കറ്റുകൾ എന്നിവ സഞ്ചാരികൾ സന്ദർശിച്ചു.