തിരുവനന്തപുരം: കേരളം-ക്യൂബ കായിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചെ ഇന്റര്‍നാഷനല്‍ ചെസ് ഫെസ്റ്റിവൽ ഇന്നലെ തുടങ്ങി. ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. പ്രത്യേക ക്ഷണിതാവായി ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ ഫെസ്റ്റിവലിൽ പങ്കെടുത്തു.

ക്യൂബന്‍ ഗ്രാന്റ് മാസ്റ്റര്‍മാരായ ദിലന്‍ ഇസിദ്രോ ബെര്‍ദായെസ് അസന്‍, റോഡ്‌നി ഒസ്‌കര്‍ പെരസ് ഗാര്‍സ്യ, ലിസാന്‍ദ്ര തെരേസ ഒര്‍ദസ് വാല്‍ദെസ്, എലിയെര്‍ മിറാന്‍ദ മെസ എന്നിവർ ചൊവ്വാഴ്ച വൈകീട്ട് എത്തി. മത്സര വേദിയായ ഹോട്ടല്‍ ഹയാത്തിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. കെ. രാമചന്ദ്രന്‍, ഡോ. ശശി തരൂര്‍ എം. പി. എന്നിവര്‍ മുഖ്യാതിഥികളാകും. അഡ്വ. വി. കെ. പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ചെസ് ഒളിമ്പ്യന്‍ പ്രൊഫ. എന്‍. ആര്‍. അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐഎഎസ്, കായിക അഡീ. ഡയറക്ടര്‍ ഷാനവാസ് ഖാന്‍ ഇ എന്നിവര്‍ സംസാരിക്കും. അഞ്ചു ദിവസം നീളുന്ന ചെസ് ഫെസ്റ്റിവല്‍ 20ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *