അടിമാലി: ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്കെതിരെ വാർത്ത നൽകിയതിൽ സിപിഎം മുഖപത്രം ഇന്നലെ ഖേദപ്രകടനം നടത്തി. എന്നാൽ, ഖേദപ്രകടനത്തിൽ തീരുന്നതല്ല തനിക്കുണ്ടായ അപമാനമെന്നും കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും മറിയക്കുട്ടി (87) പറഞ്ഞു. ഖേദം പ്രകടിപ്പിക്കേണ്ടത് കോടതിയിലാണെന്നും അവർ പറഞ്ഞു.
“റേഷനായി കിട്ടുന്ന 4 കിലോ അരി കൊണ്ട് എനിക്കു ജീവിക്കാൻ കഴിയില്ല. പെൻഷൻ മുടങ്ങിയിട്ട് 5 മാസത്തോളമായി. ഇക്കാലയളവിൽ തന്നെ സഹായിച്ചിരുന്നതു കുറെ നല്ലവരാണ്. സിപിഎമ്മുകാരുടെ കള്ളപ്രചാരണത്തെ തുടർന്ന് പലരും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്കുണ്ടായ അപമാനം ഹൈക്കോടതിയെ ബോധ്യപ്പെടുത്തും. അവിടെ എത്തി സിപിഎമ്മുകാർ മറുപടി പറയട്ടെ.” – മറിയക്കുട്ടി വ്യക്തമാക്കി.
മറിയക്കുട്ടിക്കു 2 വീടുകളും ഒന്നരയേക്കർ ഭൂമിയുമുണ്ടെന്നും 4 പെൺമക്കളിൽ ഒരാൾ വിദേശത്താണെന്നുമുള്ള പ്രചാരണമാണു സിപിഎം നടത്തിയത്. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചിരുന്നു.