ന്യൂയോർക്ക്: ജീവകാരുണ്യസഹായമെത്തിക്കാനായി ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസംഘടന (യുഎൻ) രക്ഷാസമിതി അംഗീകരിച്ചു. ഈ വിഷയത്തിൽ കഴിഞ്ഞമാസം രക്ഷാസമിതിയിൽ അവതരിപ്പിച്ച 4 പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു.
അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാൻ ഹമാസിനോടും ആവശ്യപ്പെടുന്നതാണ് 15 അംഗ രക്ഷാസമിതി പാസാക്കിയ പ്രമേയം. പ്രമേയത്തെ അനുകൂലിച്ച് 12 വോട്ടുകൾ ലഭിച്ചു. ആരും എതിർത്തില്ല. വീറ്റോ അധികാരമുള്ള യുഎസ്, യുകെ, റഷ്യ എന്നീ വൻശക്തികൾ വിട്ടുനിന്നു.
ഇതേസമയം, ഗാസാ സിറ്റിയിലെ അൽ ഷിഫ ആശുപത്രി പിടിച്ചെടുത്ത ഇസ്രയേൽ സൈന്യം ആരെയും പുറത്തുപോകാൻ അനുവദിക്കാതെ രണ്ടാം ദിവസവും പരിശോധന തുടർന്നു. ആശുപത്രിക്കടിയിൽ ഹമാസ് കേന്ദ്രം ഉള്ളതിനു തെളിവുകൾ ഇസ്രയേൽ സൈന്യം നൽകിയിട്ടില്ല.