ലക്നൗ: ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ 19 കാരിയെ സഹോദരങ്ങൾ ചേർന്ന് വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അശോക് നിഷാദ്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ കൺമുന്നിലിട്ട് കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.

മൂന്നു വർഷം മുമ്പ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് പവൻ നിഷാദ് പീഡിപ്പിച്ചത്. പവനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു.
മറ്റൊരു കൊലപാതകക്കേസിൽ പ്രതിയായ അശോക് നിഷാദ് രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് പീഡന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ കുടുംബത്തെ ഭീഷണിപ്പെടുത്തി.

എന്നാൽ പരാതി പിൻവലിക്കാൻ പെൺകുട്ടി തയാറായില്ല. രാവിലെ കന്നുകാലികളുമായി പാടത്തേക്ക് പോകുമ്പാഴാണ് പെൺകുട്ടിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *