കൊച്ചി: ഇലക്ട്രോണിക് സംഭരണവും ഇ-ലേലവും ശക്തിപ്പെടുത്തുന്നതിനു വേണ്ടി എന്‍സിഡിഇഎക്‌സ് ഇമാര്‍ക്കറ്റ്‌സ് ലിമിറ്റഡുമായി (എന്‍ഇഎംഎല്‍) ഫെഡറല്‍ ബാങ്ക് കരാറൊപ്പിട്ടു. ഇതു പ്രകാരം എഇഎംഎല്‍ പ്ലാറ്റ്‌ഫോമില്‍ ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ലഭ്യമാക്കും. ഈ പങ്കാളിത്തത്തിലൂടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു വേണ്ടിയുള്ള ആധുനിക ഇ-സംഭരണ സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക് കൂടുതല്‍ ലളിതമാക്കും. ഈ സൗകര്യം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എന്‍ഇഎംഎലിന്റെ പ്ലാറ്റ്‌ഫോമില്‍ തടസ്സങ്ങളില്ലാതെ ലിസ്റ്റ് ചെയ്യാം.

ഇവിടെ നിന്നും അംഗീകൃത മിനിമം താങ്ങു വിലയില്‍ (എംഎസ്പി) സര്‍ക്കാര്‍ വാങ്ങുകയും ചെയ്യും. ഫെഡറല്‍ ബാങ്കിന്റെ പേമെന്റ് സംവിധാനം വഴി ഈ സര്‍ക്കാര്‍ ഇടപാടുകള്‍ കാര്യക്ഷമമായി നടക്കും. എന്‍ഇഎംഎലിന്റെ ഇ-ലേലത്തില്‍ വിവിധ ചരക്കുകള്‍ക്ക് മികച്ച വില കണ്ടെത്താനും ഈ സംവിധാനം സര്‍ക്കാരിനെ സഹായിക്കുന്നു. ഇന്ത്യയില്‍ എവിടെ നിന്നും ലേലത്തില്‍ പങ്കെടുക്കാനും ഇടനിലക്കാരുടെ ഇടപെടലുകള്‍ ഒഴിവാക്കാനും വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് മികച്ച മൂല്യം കണക്കാക്കാനും ഇതു സഹായിക്കുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ പേമെന്റ് സംവിധാനമാണിത്. ഡോക്യുമെന്റേഷന്‍ നടപടികള്‍ ഒറ്റത്തവണ പൂര്‍ത്തിയാക്കാം. അധിക നിരക്കുകളോ ചെലവുകളോ ഇല്ല എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *