തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള സർക്കാർ നീക്കം നടക്കില്ല. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ രാഷ്ട്രപതിക്ക് അയച്ച 7 ബില്ലുകളിൽ പിണറായി സർക്കാരിന്റെ കാലാവധി കഴിയും മുൻപ് തീരുമാനമുണ്ടാകുമോ എന്നും സംശയമാണ്. മലയാള ഭാഷാ വ്യാപനവുമായി ബന്ധപ്പെട്ടു നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 2016ൽ അയച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ വൈരുധ്യമുണ്ടായാൽ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണറോട് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യാറുണ്ട്. ഗവർണർ സ്വന്തം നിലയിൽ 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച കീഴ്‌വഴക്കമില്ല. ഇവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണു പോകുക. അവർ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും അഭിപ്രായങ്ങൾ തേടും. ഇതെല്ലാം ലഭിച്ച ശേഷമേ രാഷ്ട്രപതിക്കു വിടൂ. തീരുമാനമെടുക്കാൻ രാഷ്ട്രപതി എത്ര സമയമെടുക്കുമെന്നു പറയാനാവില്ല. രാഷ്ട്രപതിക്ക് അയച്ച ബില്ലുകൾക്കു സമാനമായ നിയമം ഇനി കൊണ്ടുവരാൻ സാധിക്കില്ല. ഈ ബില്ലുകൾ പിൻവലിക്കണമെങ്കിലും രാഷ്ട്രപതിയുടെ അനുമതി വേണം. രാഷ്ട്രപതി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *