തിരുവനന്തപുരം: മുഖ്യമന്ത്രിയാണു തന്നെ കായികമായി ആക്രമിക്കാൻ ആളെ വിട്ടതെന്നു ഗവർണർ ആരോപിച്ചു. “മുഖ്യമന്ത്രിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഇതല്ല ചെയ്യേണ്ടത്. സമ്മർദത്തിനു വഴങ്ങാൻ തയാറാകാത്തതുകൊണ്ട് കായികമായി ആക്രമിക്കാൻ നോക്കുകയാണോ? കണ്ണൂരിൽ 4 വർഷം മുൻപു കായികമായി ആക്രമിക്കാൻ ശ്രമിച്ചു. അന്ന് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിൽനിന്നു പൊലീസിനെ തടഞ്ഞയാളെ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയാക്കി. അതോടെ മുഖ്യമന്ത്രിയും ഗൂഢാലോചനയിൽ പങ്കാളിയെന്നു വ്യക്തമായി. ഇപ്പോൾ ഇത്തരത്തിൽ പ്രതിഷേധിക്കാൻ താൻ എന്തു ചെയ്തു? കാറിന്റെ ഇരുവശത്തും പ്രതിഷേധക്കാർ അടിച്ചു. മുഖ്യമന്ത്രിക്കെതിരെ ഇങ്ങനെ പ്രതിഷേധിക്കാൻ കഴിയുമോ?

താൻ പോകുന്ന വഴിയിൽ പ്രതിഷേധക്കാർ കാറുമായി എത്തി കാത്തുനിന്നു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുമ്പോൾ ഇത്തരത്തിൽ ആളുകൾക്കു കാറുകളുമായി എത്താനാകുമോ? പ്രതിഷേധക്കാരെ പൊലീസ് അവരുടെ കാറുകളിലേക്കു തള്ളിക്കയറ്റി പറഞ്ഞയയ്ക്കുകയായിരുന്നു. തലസ്ഥാനം ഭരിക്കുന്നതു ഗുണ്ടകളാണ്. റോഡുകൾ അവരുടെ നിയന്ത്രണത്തിലാണ്. ഗുണ്ടാരാജ് അനുവദിക്കില്ല. ഭരണഘടനാ സംവിധാനം തകരാനും അനുവദിക്കില്ല.” – ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *