തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്ത എസ്എഫ്ഐ പ്രവർത്തകർക്കു കോടതി ജാമ്യം നിഷേധിച്ചു. ഗവർണറുടെ യാത്ര തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന ഐപിസി 124 നിലനിൽക്കുമോയെന്ന് പ്രോസിക്യൂഷൻ ഉന്നയിച്ച വാദം നിരസിച്ചു കൊണ്ടാണു ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾ മേൽക്കോടതിയെ സമീപിക്കും.

പ്രതികളായ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ആർ.ജി.ആഷിഷ്, ദിലീപ്, റയാൻ, റിനോ സ്റ്റീഫൻ, അമൽ ഗഫൂർ. ലോ കോളജിൽ പരീക്ഷയെഴുതാനായി ഒരു പ്രതിക്കു ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷ കഴിഞ്ഞതിനാൽ ഇയാളുടെ ജാമ്യവും കോടതി റദ്ദാക്കി.

പ്രതികൾക്കെതിരെ ആദ്യം ദുർബല വകുപ്പുകളാണു പൊലീസ് ചുമത്തിയത്. ഗവർണർ ആവശ്യപ്പെട്ടതോടെയാണ് ഐപിസി 124 ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. എന്നാൽ, ജാമ്യാപേക്ഷയിൽ വാദം തുടങ്ങിയപ്പോൾ പ്രോസിക്യൂട്ടർ മലക്കം മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *