ജിദ്ദ: അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി-ഇന്ത്യ സാംസ്‌കാരികോത്സവത്തിന് ജിദ്ദയില്‍ അരങ്ങൊരുങ്ങുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിക്കുന്ന സൗദി-ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ ഒന്ന് ജനുവരി 19ന് വൈകീട്ട് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

‘5K Camaraderie’ (അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ) എന്ന പ്രമേയത്തിലുള്ള ഫെസ്റ്റിവലിന്റെ ബ്രോഷര്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പ്രകാശനം ചെയ്തു. പൗരാണികകാലം മുതല്‍ തുടരുന്ന സൗദി-ഇന്ത്യന്‍ സാംസ്‌കാരിക വിനിമയം കൂടുതല്‍ കരുത്തുറ്റതാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലാകും ഫെസ്റ്റിവലെന്നും പരിപാടി വന്‍വിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

ഫെസ്റ്റിവലിന്റെ കോണ്‍സുലേറ്റ് കോ-ഓഡിനേറ്റര്‍ കൂടിയായ ഹജ്ജ് ആൻഡ് കമേഴ്‌സ്യല്‍ കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, പ്രസ് ആൻഡ് ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ വിഭാഗം കോണ്‍സല്‍ മുഹമ്മദ് ഹാഷിം, ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈസ് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ഇവന്റ് കണ്‍വീനര്‍ സക്കരിയ ബിലാദി എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *